സ്കൂളില്‍ പഠിക്കുന്ന കാലത്ത് കേരളമെന്നു കേട്ടാല്‍ അഭിമാനം കൊണ്ടു ഞെളിപിരി കൊള്ളുകയോ മലയാളമെന്നു കേട്ടാല്‍ രക്തം തിളച്ചുമറിയുകയോ ഒന്നും ചെയ്തിട്ടുള്ളതായി ഓര്‍ക്കുന്നില്ല. മലയാളം പഠിക്കുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും പറയുന്നതും ഒരു വശത്തു കൂടി കടന്നു പോയി എന്നേയുള്ളൂ.

കേരളത്തില്‍ നിന്നു പുറത്തു വന്നില്ലായിരുന്നെങ്കില്‍ അങ്ങനെ ഒരു വികാരവും എനിക്കുണ്ടാവാന്‍ സാധ്യതയുണ്ടെന്നും തോന്നുന്നില്ല. കേരളത്തില്‍ എന്‍റെ കൂടെ പഠിച്ചിരുന്ന വടക്കേ ഇന്ത്യക്കാര്‍ മര്യാദയ്ക്ക് മലയാളം വാക്കുകള്‍ രണ്ടു-മൂന്നെണ്ണം പഠിച്ചു സന്തോഷമായി ജീവിച്ചു. അല്ലാതെ ഞങ്ങളെ ചൊറിയാനൊന്നും വന്നിട്ടില്ല.

ആദ്യമായി “മല്ലു” കഥകള്‍ കേള്‍ക്കുന്നത് ജോലിക്കു കയറിയതിനു ശേഷമാണെന്നു തോന്നുന്നു. ഒരു കൂട്ടുകാരി തന്‍റെ കൂടെയുള്ള വടക്കന്‍റെ കഥ പറഞ്ഞു. മലയാളികളെ കളിയാക്കാനുള്ള തന്ത്രവുമായി ഇറങ്ങിയതാണത്രേ ആ ചേട്ടന്‍. മലയാളത്തില്‍ ‘z’ ശബ്ദം ഇല്ലാത്തതു കൊണ്ട് മലയാളികള്‍ ‘zoo’-നു ‘soo’ എന്നാണ് പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തം. അതു തെളിയിക്കാന്‍ ഒരു മലയാളിയോട് ആ വാക്ക് പറയാന്‍ അദ്ദേഹം പറഞ്ഞു. മിടുക്കിയായ ആ മലയാളി ‘ജൂ’ എന്നു പറഞ്ഞു. ഹിന്ദിക്കാര്‍ sabzi-ക്കു സബ്ജി, zindagi യ്ക്കു ജിന്ദഗി എന്നൊക്കെ പറയുന്ന കാര്യം നമുക്കറിയാമല്ലോ. വടക്കന്‍ ചൂളിപ്പോയി എന്നാണ് കഥ.

ബാംഗ്ലൂറില്‍ വച്ച്, ഒരിക്കല്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഒരു വടക്കേ ഇന്ത്യന്‍ മലയാളി (എന്നു വച്ചാല്‍ നോര്‍ത്തില്‍ ജനിച്ചു വളര്‍ന്ന മലയാളി) യുടെ മുന്നില്‍ വച്ച് ഞാന്‍ ഹിന്ദി പറയാനിടയായി. ഏതോ മറുഭാഷക്കാരനോടായിരുന്നു സംഭാഷണം. ലാലേട്ടന്‍റെ ഹൂം ഹൈ ഹോ പ്രശ്നങ്ങള്‍ എന്നെയും സ്ഥിരമായി അലട്ടാറുണ്ട്. മലയാളികള്‍ ഹിന്ദി പറയുമ്പോള്‍ സൗത്ത് ഇന്ത്യന്‍ ആക്സന്‍റ് ആണെന്ന് ആ മലയാളി സഹപ്രവര്‍ത്തകന്‍ അല്പം പുച്ഛത്തോടെ പ്രസ്താവിച്ചു. മലയാളിയായ എന്‍റെ ഹിന്ദിക്ക് അല്പം ആക്സന്‍റ് ആയതു സ്വാഭാവികം, മലയാളിയായ നിന്‍റെ മലയാളത്തിന് എന്തിനാണ് ഇത്രയും ഹിന്ദി ആക്സന്‍റ് എന്നു ഞാന്‍ തിരിച്ചു ചോദിച്ചു.

വടക്കേ ഇന്ത്യക്കാരെക്കാളും മലയാളികള്‍ തന്നെയാണ് നമ്മുടെ ആക്സന്‍റും മറ്റു കാര്യങ്ങളും കളിയാക്കാന്‍ വരാറ് എന്നു പിന്നീട് മനസ്സിലായി. അത്യാവശ്യം കാര്യം മനസ്സിലാക്കാനും ജീവിച്ചു പോകാനും മാത്രമല്ലേ പൊതുവേ അന്യഭാഷയുടെ ആവശ്യം. ഓരോ പ്രാവശ്യവും ‘മല്ലു ആക്സന്‍റ്’ എന്നു മലയാളികള്‍ തന്നെ കളിയാക്കുമ്പോള്‍, “അതിപ്പോ ഞാന്‍ മലയാളിയല്ലേ, എനിക്കു ഹിന്ദിക്കാരന്‍റെ ആക്സന്‍റ് വരുമോ? ഹിന്ദിക്കാരന് മലയാളം മലയാളിയെപ്പോലെ പറയാന്‍ പറ്റുമോ? പോട്ടെ, മലയാളിയായ നിങ്ങളെന്താ മലയാളം ഹിന്ദിയില്‍ പറയുന്നത്?” എന്നൊക്കെ തിരിച്ചു ചോദിക്കാനാണ് സന്തോഷം.

അങ്ങനെ, സുഹൃത്തുക്കളെ, നിങ്ങളെന്നെ മലയാളി എന്നു വിളിച്ചു കളിയാക്കുകയും “അപമാനി”ക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഞാനിന്ന് ഒരു യഥാര്‍ത്ഥ മലയാളി ആകുകയില്ലായിരുന്നു.

(Disclaimer: ലോകത്തില്‍ പലതരം മലയാളികളും ഹിന്ദിക്കാരും മറ്റു ഭാഷക്കാരും  ഉണ്ടെന്നും ഇതവരുടെയെല്ലാം കാര്യം അല്ലെന്നും എന്‍റെയും ഞാന്‍ കണ്ടിട്ടുള്ള ചിലരുടെയും മാത്രം കാര്യമാണെന്നും ഈയവസരത്തില്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. )

(Disclaimer 2: ബാംഗ്ലൂരില്‍ വളര്‍ന്നു വരുന്ന എന്‍റെ പുത്രന്‍ അത്യാവശ്യം ആക്സെന്‍റോടെയാണ് മലയാളം പറയുന്നതെന്നും, കുറച്ചു നാള്‍ കഴിഞ്ഞ് ആരും കാണാതെ ഈ ബ്ലോഗ്‌ ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും ഞാന്‍ മനസ്സിലാക്കുന്നു.)