ബാംഗ്ലൂരില്‍ താമസം തുടങ്ങിയിട്ട് തുമ്പ കാലമായെങ്കിലും കന്നഡ മാതാടുന്ന കാര്യത്തില്‍ വളരെ പുറകിലാണ് ഞാന്‍. ഇവിടെ മിക്കവാറും പേര്‍ക്കു ഹിന്ദിയും ഇംഗ്ലീഷും മനസ്സിലാവും എന്നതു കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും. അതുമല്ലെങ്കില്‍ നമ്മള്‍ ചെന്നു കേറുന്ന സൂപ്പര്‍ മാര്‍ക്കറ്റ്‌ ഒരു മലയാളിയുടെതാകാന്‍ സാധ്യത വളരെ കൂടുതലുമാണ്.

കഴിഞ്ഞ ദിവസം അവിടവിടെ തട്ടിമുട്ടി കുറച്ചു വാക്കുകള്‍ എടുത്തു കാച്ചുന്നതു കണ്ട എന്‍റെ സുഹൃത്ത് (ആന്ധ്രാക്കാരി) “ജീനയ്ക്ക് കന്നഡ അറിയാമല്ലേ?” എന്നു ചോദിച്ചപ്പോള്‍ നന്നായി സുഖിച്ചു. എങ്കിലും കുറ്റം സമ്മതിച്ചു: “ഒരു പത്തോ പതിനഞ്ചോ വാക്ക് അറിയാം. അതു വച്ച് ഒപ്പിക്കാവുന്നത് ഒപ്പിക്കും. സ്റ്റോക്ക് തീര്‍ന്നു കഴിയുമ്പോ ഏറ്റവും അടുത്തുള്ള മറുഭാഷയിലേക്ക് ചാടും.”

കന്നടയിലും ലാലേട്ടന്‍റെ ഹിന്ദി പോലെ പാളം തെറ്റാന്‍ തക്കത്തിന് കുറെ ഗ്രാമര്‍ ഉണ്ട്. അതു കൊണ്ടു തന്നെ എന്‍റെ കന്നഡ പ്രയോഗം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കിടയില്‍ ഇങ്ങോട്ടു ചോദ്യം വരും: “മാഡം ഹിന്ദിയാണോ?”

മുഖത്തെ മഞ്ഞളിപ്പ് മറച്ചു വച്ച് അന്തസ്സായി പറയും, “അല്ല, മലയാളം.”

കഴിഞ്ഞ ദിവസം സിറ്റിയിലേക്ക് പോകാന്‍ ടാക്സി വിളിച്ചു. സുമുഖനും പ്രസന്നവദനനും, അതിനു ചേര്‍ന്ന പേരിന്‍റെ ഉടമസ്ഥനുമായ ഒരു ചെറുപ്പക്കാരന്‍ ഒരു വെളുത്ത കാറുമായി എത്തി.

രാവിലെയായതു കൊണ്ട് ട്രാഫിക്ക് ഉണ്ടോ എന്നു കന്നഡത്തില്‍ ചോദിച്ചു. അറിയില്ല, ഞാന്‍ വീട്ടില്‍ നിന്ന് നേരിട്ട് വരികയാണ്, വീട് ഇവിടെ അടുത്തു തന്നെയാണ്, എന്നു മറുപടിയും കിട്ടി. ആദ്യത്തെ പ്രശ്നോത്തരി പാസായതു കൊണ്ട് ഞാന്‍ ധൈര്യം സംഭരിച്ച് ട്രാഫിക്കിനെ പറ്റി ഒന്നു രണ്ട് അഭിപ്രായങ്ങള്‍ നിരത്തി. ഉടന്‍ തന്നെ “മാഡം ഹിന്ദിയാണോ”, “അല്ല മലയാളം” എന്ന സ്ഥിരം ഡയലോഗ് ഞങ്ങള്‍ കൈമാറി.

ഒരല്പം ചമ്മിയെങ്കിലും വിട്ടു കൊടുത്തില്ല. കൈയിലുള്ള പത്തു വാക്കും എടുത്തു പയറ്റി. പിന്നെ കുറെ നേരം ഫോണില്‍ നോക്കിയിരുന്നു. മുക്കാല്‍ മണിക്കൂറെടുക്കും എത്തേണ്ടിടത്ത് എത്താന്‍. അതു വരെ ഈ പത്തു വാക്കുകള്‍ കൊരുത്ത് പ്രയത്നിക്കാന്‍ കെല്‍പ്പില്ല.

അയാള്‍ ഇടയ്ക്കിടെ എന്തൊക്കെയോ പറഞ്ഞു. കണ്ണാടിയില്‍ കൂടെ എന്‍റെ റിയാക്ഷന്‍ നോക്കി. അയാള്‍ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു. ഇടയ്ക്കു തലയാട്ടി. ഇടയ്ക്കു “ഹാവ്ദാ?” എന്ന് ആശ്ചര്യത്തോടെ ചോദിച്ചു. ദൂരെ പാലം കടന്നു നീളുന്ന ട്രാഫിക്ക് നോക്കി അയാളെന്തോ പറഞ്ഞപ്പോള്‍ ഞാനും ‘ശോ, എന്തൊരു ട്രാഫിക്ക്’ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി. അടുത്തു കൂടെ കടന്നു പോയ വിലകൂടിയ വണ്ടി ചൂണ്ടി കാണിച്ചിട്ട് അയാള്‍ പറഞ്ഞു, എല്ലാര്‍ക്കും ജാഗ്വാറും ബി.എം.ഡബ്ല്യുവും വേണം, റോഡിലാണെങ്കില്‍ സ്ഥലവുമില്ല. അങ്ങനെ തന്നെയാണോ പറഞ്ഞത് എന്നെനിക്ക് യാതൊരു ഉറപ്പുമില്ല, പക്ഷേ അതു പോലെയൊക്കെ തന്നെ തോന്നിയതു കൊണ്ട് ഞാനും നീട്ടി മൂളി.

കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ പ്രസന്നവദനന്‍ കണ്ണാടിയില്‍ നോക്കി എന്തോ പറഞ്ഞിട്ട് ചിരിച്ചു. ഞാനും അങ്ങോട്ട്‌ നോക്കി നല്ലവണ്ണം ചിരിച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു ചിന്ന ഡൗട്ട്.

“കുറെ നേരമായല്ലോ ഞാന്‍ പറയുന്നതും കേട്ടിരിക്കുന്നു. ഒരു വസ്തു മനസ്സിലാകുന്നില്ലെങ്കിലും തല കുലുക്കി ഇരിക്കുവാ അല്ലെ” എന്നായിരിക്കുമോ അയാള്‍ പറഞ്ഞത്? അതിനും ഞാന്‍ നല്ലവണ്ണം തല കുലുക്കി ചിരിച്ചു കൊടുത്തിട്ടുണ്ട്.

പിന്നെ കൂടുതല്‍ നാണം കെടാതെയിരിക്കാന്‍ ഫോണില്‍ സഹപ്രവര്‍ത്തകനെ വിളിച്ച് ഒന്ന് രണ്ടു കാര്യങ്ങള്‍ മലയാളത്തില്‍ ചോദിച്ചു. പിന്നെ ഫോണില്‍ നിന്ന് തലയുയര്‍ത്താതെ ഇരുന്നു. വാട്ട്സ് ആപ്പില്‍ പോലും ഒരു മനുഷ്യന്‍ മിണ്ടുന്നില്ല. എന്നാലും അതും നോക്കി മുകളിലേക്കും താഴേക്കും സ്ക്രോള്‍ ചെയ്തു കൊണ്ടിരുന്നു. എനിക്ക് ഒരുപാടു പണിയുണ്ട് എന്നു തോന്നിക്കാന്‍ മുഖത്ത് ഗൗരവഭാവം വരുത്തി. പുറത്തേക്കു നോക്കി ആലോചനയില്‍ മുഴുകി.

ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കുന്നതിനും എട്ടോ പത്തോ വര്‍ഷം മുന്‍പ് ഉഡുപ്പിയില്‍ കുറച്ചു നാള്‍ താമസിക്കാനിടയായിരുന്നു. ഒരു ദിവസം മുടി വെട്ടാമെന്നു കരുതി ഒരു പാര്‍ലറില്‍ കയറി. പെട്ടെന്നു തീരുമാനിച്ചതായതു കൊണ്ട് തലയിലെ എണ്ണമയം കഴുകി കളഞ്ഞിട്ടില്ലായിരുന്നു.

ചീകി തുടങ്ങിയതും മുടി വെട്ടുന്ന പെണ്‍കുട്ടി എന്തോ എന്നോടു പറഞ്ഞു തുടങ്ങി. കന്നഡയില്‍ എനിക്ക് അക്കാലത്ത് ആകെ അറിയാവുന്ന വാക്ക് ‘ഉഡുപ്പി’. മുടിയെ കുറിച്ചാണ് ഇവര്‍ പറയുന്നത് എന്നു മാത്രം മനസ്സിലായി. ഞാന്‍ മുന്‍പിലുള്ള കണ്ണാടിയിലൂടെ അവരെ തന്നെ തുറിച്ചു നോക്കി. എന്‍റെ മുഖം കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും ഞാന്‍ ‘കുന്തം വിഴുങ്ങി’ ഇരിക്കുകയാണെന്ന്. പക്ഷേ ഈ കുട്ടിയാണെങ്കില്‍ എന്നെ നോക്കുന്നതേയില്ല. കുറെ നേരം എന്നെ ഉപദേശിച്ചു. “എനിക്കൊന്നും മനസ്സിലാകുന്നില്ല” എന്നു പറയാന്‍ പോലും ആ പെണ്‍കുട്ടി എനിക്ക് ഒരു ഗ്യാപ്പ് തന്നില്ല. അവസാനം ഒരു വിധത്തില്‍ മുടി വെട്ടി തീര്‍ന്നു. പൈസ കൊടുത്തു ഞാന്‍ അവിടെ നിന്ന് ഇറങ്ങി. കുറെ നേരം കഴിഞ്ഞ് ആലോചിച്ചു നോക്കിയപ്പോഴാണ് മുടിയിലെ എണ്ണയെ കുറിച്ചുള്ള ലെക്ചര്‍ ആയിരുന്നു അതെന്നു മനസ്സിലായത്. പത്തു പതിനഞ്ചു മിനിറ്റോളം തലകുലുക്കുകയോ മറുപടി പറയുകയോ മൂളുകയോ ചെയ്യാത്ത എന്നോട് അവര്‍ നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞതിനെ കുറിച്ച് ഇപ്പോഴും എനിക്ക് അത്ഭുതമാണ്.
45 മിനിട്ട് കഴിഞ്ഞപ്പോള്‍ പ്രസന്നവദനന്‍ എന്നെ പറഞ്ഞ സ്ഥലത്ത് എത്തിച്ചു. എന്‍റെ കൈയില്‍ ചില്ലറ ഇല്ലാത്തതു കൊണ്ട് രണ്ടു രൂപ കുറച്ചാണ് കൊടുത്തത്. അതു മതിയെന്നും, അങ്ങോട്ട്‌ ഡോര്‍ തുറക്കുമ്പോള്‍ വണ്ടി വരുന്നുണ്ടോ എന്നു ശ്രദ്ധിച്ച് ഇറങ്ങണമെന്നും പറഞ്ഞ് സന്തോഷത്തോടെ അയാള്‍ യാത്രയായി.

അയാള്‍ എന്നെ കളിയാക്കിയതല്ല എന്നും കൊച്ചു വര്‍ത്തമാനം പറഞ്ഞ് യാത്ര ചെയ്‌താല്‍ ട്രാഫിക്ക് ഒരു മുഷിപ്പായി തോന്നില്ലല്ലോ എന്നോര്‍ത്തായിരിക്കും എന്നും എനിക്കു നല്ലവണ്ണം അറിയാവുന്നതു കൊണ്ട് ഞാന്‍ അയാള്‍ക്ക് ടാക്സി ആപ്പില്‍ അഞ്ചു സ്റ്റാറും കൊടുത്തു.